ആലപ്പുഴ: ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിന്റെ ജനൽപ്പാളി അടർന്നു. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിന്റെ മൂന്നാം നിലയിലെ പിൻഭാഗത്തെ ജനലിൽ തറച്ച പലകയാണ് ഇളകിയത്. അരൂർ നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നത്.
പട്ടികയിൽ തറച്ച ആണി ഇളകിയതാണ് കാരണം. സ്ട്രോംഗ് റൂമിന് കാവൽനിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ പരിശോധിച്ചപ്പോഴാണ് ആണി ഇളകി പലക തള്ളിനിൽക്കുന്നത് കണ്ടത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ കെ. ഇമ്പശേഖർ സ്ഥലത്തെത്തി പരിശോധിച്ചു.
സ്ട്രോംഗ് റൂമിന്റെ ജനാലകളുടെ അകത്തും പുറത്തും പലക തറച്ച് സുരക്ഷിതമാക്കിയതാണെന്നും വെയിലുകൊണ്ട് ആണിയിളകിയാതാകാമെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.